I'am walking,but please don't expect me to walk with you

Thursday 4 April 2024

 


ആക്രി
(ചെറുകഥ)
രചന : ബാലകൃഷ്ണൻ മൊകേരി
മുറ്റത്തിന്റെ വടക്കേയറ്റത്ത് നിറയെ പൂത്തുനില്ക്കുന്ന വനമുല്ല. ചാരുകസേര അതിന്റെ ചുവട്ടിലിട്ട് ഇരിക്കുകയായിരുന്നു. യുദ്ധങ്ങളും ദുരിതങ്ങളും ചിന്തയിൽ അലമുറകളുയർത്തുന്നുണ്ടായിരുന്നു.
ഒരു കപ്പിൽ ചായയുമായി അവൾ അടുത്തു വന്നു.
" തണുത്തു പോകും മുമ്പേ കുടിച്ചോളൂ " അവൾ പറഞ്ഞു.
അവൾ തുടർന്നു " നോക്കൂ, ഈ കോളനിയിൽ തീരെ ഭംഗിയില്ലാത്ത വീട് നമ്മുടേതാണ് "
ഞാൻ വീടിനെ നോക്കി. വലിയ കുഴപ്പമൊന്നുമില്ല. പെയിന്റടിച്ചിട്ട് ഏറെയായി. ചുറ്റിലുമുള്ള വീടുകളെല്ലാം വർഷം തോറും പലതരം വർണ്ണങ്ങളാൽ അലങ്കരിക്കപ്പെടുമ്പോഴും , ഞങ്ങളുടെ വീടിന് കുമ്മായത്തിന്റെ വെളുപ്പു മാത്രം!
ഞാൻ അവളെ നോക്കി.
"നമുക്ക് ഇന്റീരിയർ മാറ്റി ചെയ്യിക്കണം. പെയിന്റടിക്കണം. ഒരേയൊരു മകളുടെ കല്യാണമല്ലേ വരുന്നത് , വീടാകെ പുതുക്കണം. ബന്ധുക്കളും കൂട്ടുകാരുമൊക്കെ വരില്ലേ? അവരെക്കൊണ്ട് , അയ്യേ അറു പഴഞ്ചൻ വീട് എന്നു പറയിക്കരുത്.
ശരിയാണ്. ചെയ്യിക്കാം , സമ്മതിച്ചു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒരു പാട് പണിക്കാർ വന്ന് , വീടിന്റെ സ്ട്രക്ച്ചറൊഴികെയുള്ളതെല്ലാം മാറ്റി. വീട്, പുതിയതായി. പോർച്ചിൽ കൂട്ടിയിട്ട പഴയ ഫർണിച്ചറും മറ്റു ഗൃഹോപകരണങ്ങളുമെല്ലാം പൊടി തട്ടി തുടക്കുകയായിരുന്ന എന്നോടവൾ പറഞ്ഞു.
"അതൊന്നും നമുക്കിനി വേണ്ട. പഴയതെ ല്ലാം എക്സ്ചേഞ്ചു ചെയ്ത് പുതിയതു വാങ്ങാം. "
ഞാൻ സമ്മതം മൂളി.
ഞാൻ വാങ്ങിക്കൂട്ടിയ അനേകം പുസ്തകങ്ങളും വാരികകളും പോർച്ചിന്റെ ഒരു ഭാഗത്തുണ്ടായിരുന്നു. അതെല്ലാം പൊടി തട്ടി വൃത്തിയാക്കണം. മുകൾ നിലയിലെ ഒരു മുറി ലൈബ്രറിയായി മാറ്റണം. അവിടെയിരുന്ന് വായിക്കുകയും എഴുതുകയുമൊക്കെ ആവാം.
ഞാൻ പുസ്തകങ്ങളെ നോക്കുന്നതു കണ്ടാവണം, അവൾ പറഞ്ഞു.
" അതെല്ലാം ആക്രിക്കാരനു കൊടുക്കാം. അതിനി ആർക്കും വേണ്ടല്ലോ. ആർക്കും വേണ്ടാത്തത് വെറുതെ കൂട്ടിയിട്ട് സ്ഥലം മുടക്കേണ്ടല്ലോ!"
പുസ്തകങ്ങൾ പുതിയ തലമുറയ്ക്ക് ഉപകാരമാവില്ലേ? അപൂർവ്വ പുസ്തകങ്ങളുണ്ടിതിൽ - ഞാൻ വാദിച്ചു.
"പുതിയ പിള്ളേരാരും അച്ചടിച്ച പുസ്തകം വായിക്കില്ല. അവർ വേണ്ട കാര്യങ്ങൾ ഇന്റർനെറ്റുവഴി ശേഖരിച്ചോളും. അതിനൊരു ഫോൺ മതിയല്ലോ. " അവൾ പറഞ്ഞു.
രാവിലെ തന്നെ ഞാൻ പൾപ്പായി മാറാൻ പോകുന്ന പുസ്തകങ്ങളുടെ അടുത്തെത്തി.
ചാരുകസേര അടുത്തിട്ട്, ചുമ്മാ അതിലിരുന്നു. എത്ര വിഷമിച്ചു നേടിയ പുസ്തകങ്ങളാണ്. മുമ്പ്, ലൈബ്രറികൾ തോറും ബുദ്ധിമുട്ടി നടന്നു ചെന്ന് വായിക്കുമായിരുന്നു. ജോലികിട്ടിയപ്പോൾ, പ്രിയപ്പെട്ട പുസ്തകങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നു. അവയിനി,
പൾപ്പാകുകയാണ്.
വിഷമം തോന്നി.
അവിടെയിരുന്ന് മയങ്ങിപ്പോയിരിക്കണം , കസേരയും ഞാനും ഇളകും പോലെ അനുഭവപ്പെട്ടാണ് കണ്ണുതുറന്നത്. ഞെട്ടിപ്പോയി ! ഞാനും കസേരയോടൊപ്പം ഏതോ വണ്ടിയിലാണ് ! ചുറ്റും നോക്കി. അതാ, എന്റെ പുസ്തകങ്ങളും വാരികകളും !
ങേ? ഞാനും ആക്രിക്കാരന്റെ വണ്ടിയിലാണോ?
എനിക്ക് , ആലോചനാ ശക്തി നഷ്ടപ്പെടുന്നതുപോലെ തോന്നി !

 

വില്പനക്കാരൻ
-ബാലകൃഷ്ണൻ മൊകേരി
വണ്ടി എത്താൻ രണ്ടുമണിക്കൂർ വൈകി.എന്നാലും റോഡ് യാത്രയേക്കാളും ഭേദം.അവിടെയാവുമ്പോ, ജാമും സോസുമൊക്കെകാണും.സാരമില്ല എന്നു സമാധാനിച്ചു.ദീർഘശ്വാസം വിട്ടു. സ്റ്റേഷനിലിറങ്ങിയാൽ തുടർനടപടി എന്തെന്നു നിരൂപിച്ചവാറെ, ആട്ടോറിക്ഷ മനസ്സിൽ തെളിഞ്ഞു.
വണ്ടി ഏങ്ങിയും ചുമച്ചും കൊയിലാണ്ടിയിലെത്തി.
ഒരു മെലിഞ്ഞ നിദ്ര എവ്വിധമോവന്ന് എന്നെ മുട്ടിയുരുമ്മാൻതുടങ്ങി.
അവളെ പേടിപ്പിച്ചോടിച്ചു.
പിന്നെ വന്നത് ഒരു പരുത്ത സ്പർശം.നോക്കി. കിളിരമുള്ള ഒരു പയ്യൻ.
കണ്ണടവെച്ചിട്ടുണ്ട്.ആടിന്റെ കണ്ണുകൾ.ചപ്രശ മുടി !
മുഷിഞ്ഞ ജീൻസ്.അതിലുംമുഷിഞ്ഞ മണം.തോളിലെ തുണിസഞ്ചിയിൽ എന്തൊക്കെയോ വീർപ്പുമുട്ടുന്നു.ഒരു പഴങ്കാല ബുദ്ധിജീവിയുടെ ലക്ഷണമെല്ലാമുണ്ട്,പുകയുന്ന ദിനേശ്ബീഡിയൊഴികെ.
ന്താണ് ?!
അയാൾ സഞ്ചിതുറന്ന്, നാലഞ്ച് പുസ്തകമെടുത്ത് എന്റെ മടിയിലേക്കിട്ടു.
മറിച്ചുനോക്കി.
എം.ടി., മുകുന്ദൻ,മാധവിക്കുട്ടി, പത്മരാജൻ,പിന്നെ ബെന്യാമിനും.
ഒക്കെ വായിച്ചതാണ്.തിരിച്ചുകൊടുക്കുമ്പോൾ പറഞ്ഞു.
പയ്യൻ അസഹിഷ്ണുവായി.പുസ്തകം വാങ്ങുമ്പോൾ, തിരിച്ചും മറിച്ചും എന്നു പിറുപിറുത്തു.
പിറുപിറുപ്പു കേൾക്കെ ദേഷ്യംവന്നു.
തിരിച്ചുവിളിച്ചു.
അതൊരുകോപ്പി തരൂ.
ഏതാണ് സർ? ബുജി വിനയനായി.
താനിപ്പോ പറഞ്ഞില്ലേ ഒരു പുസ്തകത്തിന്റെ പേര്? , മറിച്ചും തിരിച്ചും, അതുതന്നെ
അതു കേട്ടാറെ, പയ്യൻ വിനയം അഴിച്ചുവച്ചു.
അതു പുസ്തകമല്ല. നിങ്ങളെന്റെ കൈയിൽനിന്ന് പുസ്തകംവാങ്ങി തിരിച്ചുംമറിച്ചും നോക്കി അപ്പാടെ തിരിച്ചുതന്നില്ലേ ? വാങ്ങിയില്ലല്ലോ . അതിനെതിരെ പ്രതികരിച്ചതാണ്.
അതുവ്വോ?
ഇവൻ വധ്യൻതന്നെയെന്നുതീരുമാനമായി.
വിസ്തരിച്ചു ചിരിച്ചു.
എടോ, തനിക്കെന്നെ അറിയാമോ ?
ഇല്ല, ആരാ?
വിക്കെയെൻ.
അതാരാ?
കേട്ടിട്ടില്ലേ?
ഇല്ല.
താൻ പുസ്തകവില്പനക്കാരനായിട്ടും വീക്കെയെന്റെ രചനയൊന്നും കണ്ടിട്ടില്ലേ ?
ഇല്ല. ഞാൻ വെറും വില്പനക്കാരൻ.വില്പനക്കാരെന്തിനാ പുസ്തകം വായിക്കുന്നത് ? ഓരോരുത്തരു പലതുമെഴുതി പുസ്തകമാക്കും. ഞങ്ങളതു വിറ്റാൽപോരേ ?
ഇവൻ കൊള്ളാമല്ലോ. വില്ക്കുമ്പോൾ, പുസ്തകത്തിനെപ്പറ്റി പറയേണ്ടിവരില്ലേ ?
പറയൂലോ. നല്ലകടലാസ്സാണ്,ബട്ടർപേപ്പറാണ്, ഇത്രപേജുണ്ട്, വിലയിത്രയാണ് എന്നൊക്കെ പറയും. എന്നിട്ട് ആളുകളുടെ മടിയിലിട്ടുകൊടുക്കും. അവരതെടുത്തുമറിച്ചുനോക്കിയാൽമതി, ഞാനതവരെക്കൊണ്ട് വാങ്ങിപ്പിക്കും.
അതെങ്ങനെ ?
അതോ, സ്ത്രീകളൊക്കെയുള്ള കമ്പാർട്ടുമെന്റാണെങ്കിൽ, അവരുടെ മുന്നിൽ ചെറുതായിങ്ങനെ നാണംകെടുത്തിയാൽ മതി. അവരപ്പോൾ ഒന്നിനുപകരം രണ്ടുപുസ്തകം വാങ്ങും !.
താനാളുകൊള്ളാലോ !, എന്നിട്ട്, പുസ്ത്കവില്പനക്കാരാ , താൻ
,വീക്കെയെന്നെപ്പറ്റി കേട്ടിട്ടേയില്ലെന്നാണോ?
എന്തിനാമാഷേ ചുമ്മായിങ്ങനെ പറയുന്നത്?. പ്രശസ്തരായ എഴുത്തുകാരുടെ കൃതികളേ ഞാൻ വില്ക്കാറുള്ളൂ.
അതുനന്നായി.തനിക്കുഭാവിയുണ്ട്. സമീപഭാവിയിൽത്തന്നെ താനൊരു പ്രസാധകനായിത്തീരട്ടെ! .വിഡ്ഢികളായ എഴുത്തുകാരുടെ ചോരയൂറ്റി മണിമാളിക പണിയാനാവട്ടെ!
അയാൾ എനിക്കു നന്ദിപറഞ്ഞുകൊണ്ട് അടുത്ത ഇരയെത്തേടി പോയി.
********************************************************
All reactions:
Raveendran Ak, Sruthi Thazhikapurath and 43 others


Thursday 7 September 2023

(മറുപുറം മാധവേട്ടൻ കഥകള്-5)
 മറുപുറം കഥകള്‍ 5
സന്യസ്തൻ
ബാലകൃഷ്ണൻ മൊകേരി
ഓണം വെക്കേഷൻ തുടങ്ങാറായിരുന്നു.
വെക്കേഷന് നമുക്കല്ലാർക്കുംകൂടി ഒരു യാത്രപോയാലോ എന്നായിരുന്നു ചർച്ച.യാത്ര എല്ലാർക്കും ഇഷ്ടമാണ്.
ഒരു നാലുദിവസത്തെ പരിപാടി.
എങ്ങോട്ടാ ?ഞാൻ ചോദിച്ചു.
മൈസൂരിലേക്കു പോകാം , ജയരാജൻ പറഞ്ഞു.
അതുകൊള്ളാം ,ശ്രീധരൻ മാഷ് പറഞ്ഞു.
എങ്ങനെ പോകും ? ബസ്സിലോ, സ്പെഷ്യൽ വണ്ടിയിലോ ? പാട്ടുപാടുന്ന ചന്ദ്രൻമാഷാണ്. നമുക്ക് കരുണന്റെ ട്രാവലര് ഏല്പിക്കാം.അവനാകുമ്പോള്, നമ്മുടെസുഹൃത്തുതന്നെയാണല്ലോ.
ബസ്സിൽപോകുന്നതാ നല്ലത്. ജയരാജൻ പറഞ്ഞു. യാത്രയുടെ ഹരം അതാണ്.
പക്ഷേ, സ്വകാര്യവണ്ടിയിലായാൽ, നേരയങ്ങ് പോകാമല്ലോ.സിഎഛ് മോഹനൻ പറഞ്ഞു. ബസ്സ് കാത്തുനിന്ന് സമയം നഷ്ടപ്പെടുത്തുകയും വേണ്ട.
അതു ശരിയാ. ജയരാജൻ പറഞ്ഞു. നമുക്ക് കരുണന്റെ വണ്ടി ബുക്കുചെയ്യാം.അതിൽ പന്ത്രണ്ടാള്ക്കുവരെ പോകാം.
ഹിമാലയത്തിലാണ് പോകേണ്ടത്,അതൊരനുഭവംതന്നെയാകും ശ്രീധരൻമാഷ് പറഞ്ഞു.ആ മഞ്ഞും,തണുപ്പും അതൊരു രസമല്ലേ
അതുകേട്ടുകൊണ്ടാണ് മാധവേട്ടൻ കയറിവന്നത്.
എന്താ ഹിമാലയയാത്രയക്ക് ഒരുങ്ങുകയാണോ ? അയാള് ചോദിച്ചു.
നമുക്കൊന്ന് ഹിമാലയയാത്ര നടത്തണം മാധവേട്ടാ. ചുരുങ്ങിയ പക്ഷം, ഉത്തരേന്തൻ സംസ്ഥാനങ്ങളിലെങ്കിലും.എന്താ ? രാജൻമാഷ് ചോദിച്ചു.
നല്ലതാണ്. മാധവേട്ടൻ പറഞ്ഞു. പക്ഷേ, ഇതുപോലെ മുൻകൂട്ടി പ്ലാൻ ചെയ്തയാത്രയല്ല. ഒരുദിവസം ചുമ്മാ അങ്ങിറങ്ങുക.എന്നിട്ട്, ഓരോസ്ഥലത്തും കുറച്ചുദിവസം താമസിച്ച്, അവിടുത്തെ ജനത്തേയും ജീവിതത്തേയും പഠിച്ച്, ഒരവധൂതനെപ്പോലെ അലയുക. മാധവേട്ടന്റെ കണ്ണുകള് തിളങ്ങുന്നുണ്ടായിരുന്നു
മാധവേട്ടൻ അങ്ങനെ പോയിട്ടുണ്ടോ ? ചുഴിഞ്ഞെടുക്കൽ ശ്രീധരൻ മാഷിന്റെ ഹോബിയാണല്ലോ!
പോയിട്ടുണ്ട്, മാധവേട്ടൻ പറഞ്ഞു.കുറേദിവസം അവിടെ താമസിക്കുകയും ചെയ്തു.
നേരോ ? ഞങ്ങള് മാധവേട്ടനെ അസൂയയോടെ നോക്കി.കുറേ മുമ്പാണോ ?
അതെ, മാധവേട്ടൻ പറഞ്ഞു.1972 നുശേഷമാണ്. എഴുപത്തി നാലിലോ മറ്റോ. എഴുപത്തിരണ്ടിലാണല്ലോ മുകുന്ദന്റെ ആ നോവലിറങ്ങിയത്.
ഏതുനോവൽ ?ജയരാജൻ ചോദിച്ചു. അക്കാലത്ത് ജയരാജൻ പുസ്തകങ്ങള് വായിക്കുമായിരുന്നു.
ഹരിദ്വാരിൽ മണികള് മുഴങ്ങുന്നു എന്ന നോവൽ.
രമേഷും സുജയും കഥാപാത്രങ്ങളായ നോവൽ അല്ലേ മാധവേട്ടാ ?ഉമയാണ് ചോദിച്ചത്. ഇംഗ്ലീഷദ്ധ്യാപികയായിരുന്നെങ്കിലും, മലയാളസാഹിത്യം അവരുടെ ഇഷ്ടവിഷയമായിരുന്നു.
അതെ ,മാധവേട്ടൻ പറഞ്ഞു.അതും അക്കാലത്തെ മറ്റുകൃതികളും വായിച്ചുനടന്ന യുവത്വമായിരുന്നു.മുടിനീട്ടിവളർത്തിനടന്ന് ,സാമൂഹ്യാചാരങ്ങളെ പുച്ഛത്തോടെ കണ്ട കാലം. കഞ്ചാവും ചരസ്സും, മറ്റു ലഹരികളുമായി യുവതയാകെ അസ്തിത്വവാദത്തിലാകൃഷ്ടരായി നടന്നൊരുകാലം
യുവതയാകെ എന്നു പറയാമോ ? ശ്രീധരൻമാഷ് ചോദിച്ചു. മാധവേട്ടനെപ്പോലെയുള്ള ,ജീവിക്കാൻ ബുദ്ധിമുട്ടില്ലാതിരുന്ന ചില ചെറുപ്പക്കാർ. അവരിലൊരാളല്ലേ, പില്ക്കാലത്ത് എം.മുകുന്ദനോട്, അദ്ദേഹമാണ് തങ്ങളുടെ ജീവിതം നശിപ്പിച്ചതെന്ന് പറഞ്ഞത് ?
അങ്ങനെയൊരുകഥ കേട്ടിട്ടുണ്ട് മാധവേട്ടൻ പറഞ്ഞു. ശരിയാവും.
മാധവേട്ടന്റെ യാത്രയെപ്പറ്റി പറയൂ, ഞാൻ നിര്ബ്ബന്ധിച്ചു.
പറയാം. മാധവേട്ടൻ തുടര്ന്നു. ഡിഗ്രിപരീക്ഷയുടെ റിസൽറ്റു വന്നു.ഞാൻ ജയിച്ചിരുന്നു.വീടും. അവിടുത്തെ യാഥാസ്ഥിതികാന്തരീക്ഷവും എന്നെ മടുപ്പിക്കുകയായിരുന്നു.ഒരു യാത്രപോകാം എന്നു തീരുമാനിച്ചു. അമ്മയോടു സമ്മതംവാങ്ങി, കുറച്ചു പണവും സംഘടിപ്പിച്ച്, നേരെ വടകരയ്ക്കുപോയി.ട്രെയിൻടിക്കറ്റെടുത്തു. ഹരിദ്വാറിലെത്തുകയെന്നതായിരുന്നു മോഹം. യു.പിയിലാണ്. വണ്ടികള് മാറിമാറിക്കയറി, ഒടുവിലവിടെയെത്തി.
ഗംഗാതീരത്തെ നഗരം .സന്യാസിമാര് അലഞ്ഞുനടക്കുന്ന തെരുവുകള്.ആ നഗരംതന്നെ മയക്കത്തിലാണെന്നുതോന്നി.ഒരു റൂമെടുത്ത് അവിടെ ചുറ്റിനടന്നു. ലഹരിയുടെ ഇടനിലക്കാര് തേടിവന്നു. ഭൂമിയിലും ആകാശത്തിലുമല്ലാതെ കുറേദിനങ്ങള്. യൂറോപ്യൻമാരൊക്കെ അവിടെ അലയുന്നുണ്ടായിരുന്നു
ഒരാഴ്ചയോ ഒരുമാസമോ രണ്ടുമാസമോ എത്രയെന്നറിയില്ല, കഴിഞ്ഞുപോയി. പൈസ തീർന്നു.ഒരു ഹോട്ടലിൽ പണിക്കുനിന്നു.ശാപ്പാട്കിട്ടും. ആ ഹോട്ടലിന്റെ മുന്നിലായി, ഗംഗാതീരത്ത് ഒരു സന്യാസി ധ്യാനത്തിൽമുഴുകിഇരിക്കുന്നുണ്ടായിരുന്നു.ഹോട്ടൽമുതലാളിക്ക് അദ്ദേഹത്തെ വലിയ വിശ്വാസമായിരുന്നു. ചായയും പലഹാരാദികളും, സ്വാമിക്ക് കൊണ്ടുപോയിക്കൊടുക്കുക എന്റെ ജോലിയായിരുന്നു.മെലിഞ്ഞ ശരീരം ,അർദ്ധനഗ്നൻ, ജടപിടിച്ച മുടി.തീജ്വാലവമിക്കുന്ന മിഴികള്,ചൈതന്യമുള്ള മുഖം .മിക്കപ്പോഴും മൗനവ്രതം.ഒരുപാടാളുകള്, അദ്ദേഹത്തെ നമസ്കരിക്കാനും,കാഴ്ചയർപ്പിക്കാനും മറ്റും വരുമായിരുന്നു.പലതരം പഴങ്ങളായിരുന്നു പലപ്പോഴും കാണിക്ക. പണവുമുണ്ടായിരുന്നു. രാത്രി മനുഷ്യരടങ്ങിയാൽ സ്വാമി പണമൊക്കെ എണ്ണിയെടുത്ത്, എന്റെ മുതലാളിയെയാണ് ഏല്പിച്ചിരുന്നത്.അദ്ദേഹമാണ് സ്വാമിക്ക് കഞ്ചാവും ഭംഗുംമറ്റും കൊടുത്തിരുന്നത്. അതിന്റെ ലഹരിയിലായിരുന്നു സ്വാമി മുഴുവൻ സമയവും! ഒരുദിവസം, രാത്രി ഹോട്ടലിലെ പണികഴിഞ്ഞ് സ്വാമിയുടെ അടുത്തെത്തിയ എന്നോടദ്ദേഹം ചോദിച്ചു, എവിടെയാ നിന്റെ നാട് ?
ഞെട്ടിപ്പോയി ഞാൻ. ഹരിദ്വാറിലെ സന്യാസിക്ക്, മലയാളം വശമോ ?
വടകരയാണ് സ്വാമീ.ഞാൻ പറഞ്ഞു.
ഞാനും വടകരയാണ്, സ്വാമി പറഞ്ഞു. തോടന്നൂർ.
ഉവ്വോ ?പൂര്വ്വാശ്രമത്തിലെ പേരെന്തായിരുന്നു സ്വാമീ?
നീലകണ്ഠൻ നമ്പ്യാർ.ഇപ്പോള് നിർവ്വാൺ ബാബ.തുടർന്നദ്ദേഹം എന്നെപ്പറ്റി അന്വേഷിച്ചു.
എന്താ നിന്റെ പേര് ? നീയെന്തിനാണിവിടെ വന്നത് ?
മാധവൻ, ജീവിതത്തിന്റെ അർത്ഥംതേടി അലയുകയായിരുന്നു സ്വാമീ.
എന്നിട്ടോ ? കണ്ടെത്തിയോ ?
ഇല്ല. കൈയിലെ പൈസ തീർന്നു.
അതുകൊണ്ടാണോ ഹോട്ടലിൽ പണിയെടുക്കുന്നത് ?
അതെ സ്വാമീ.
പൈസ കൈയിലില്ലെങ്കിൽ, മോക്ഷംപോലും കിട്ടില്ല.ഞാനും പണ്ട് ഏറെ കഷ്ടപ്പെട്ടു. ഒടുവിലാണ് മനസ്സിലായത്,പൈസയുണ്ടാക്കാൻ പറ്റിയ ഏറ്റവും നല്ല പണി ഇതാണെന്ന്.ഒരു ബുദ്ധിമുട്ടുമില്ല. പത്മാസനത്തിലങ്ങിരുന്നാൽമതി.പണത്തിനോട്, ഭൗതിക സുഖങ്ങളോട് ഒരു താത്പര്യവും കാണിക്കരുത്. പക്ഷേ, പിന്നീട്, പണവും സൗകര്യങ്ങളും നമ്മെ തേടിവരും.ഇന്ത്യക്കാര്ക്ക് നന്നായി ശോഭിക്കാനാവുന്ന മറ്റേതു ജോലിയുണ്ട് ?നിനക്ക് താത്പര്യമുണ്ടെങ്കിൽ,മാധവാ,
ഇവിടെ എന്റെ ശിഷ്യനായിനിന്നോ . മുതലാളിയോട് ഞാൻ പറയാം.
നില്ക്കാം സ്വാമീ. ഞാൻ പറഞ്ഞു.
എന്നെ കാണുന്നില്ലേ ? കുപ്പായം പാടില്ല. ഒരു കാവിമുണ്ട്മാത്രം ഉടുക്കണം. നെറ്റിയിൽ കളഭംതേക്കണം. കഴുത്തിലൊരു രുദ്രാക്ഷമാല വേണം.
ശരി സ്വാമീ. ഞാൻ പറഞ്ഞു.
മുതലാളി സന്തോഷത്തോടെ അതു സമ്മതിച്ചു. അന്നുമുതൽ ഞാനാ സ്വാമിയുടെ അനുചരനായി. രാത്രി വൈകി കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുക, അതിരാവിലെയും, രാത്രിയും സ്വാമിക്ക് ഭക്ഷണം എത്തിക്കുക, (മറ്റുനേരങ്ങളിൽ അദ്ദേഹം ഭക്ഷണംകഴിക്കില്ല.}ലഹരിസാമഗ്രികള് വാങ്ങി സ്റ്റോക്കുചെയ്യുക ,ഭക്തർക്ക് നിര്ദ്ദേശങ്ങള് നല്കുക അങ്ങനെയങ്ങനെ ദിവസങ്ങള്. ഞാനും ലഹരിയിൽ മുഴുകാൻ തുടങ്ങി. പിന്നെ പൊരിവെയിൽപോലും നിലാവായി അനുഭവപ്പെടാൻ തുടങ്ങി. സ്വാമിയെ അനുകരിക്കാൻ ശ്രമിച്ചുനോക്കി ഞാൻ. ലഹരിയുടെ കാര്യത്തിൽ ശരിക്കും അനുയായിയായി. പക്ഷേ, സ്വാമി കുളിക്കില്ലായിരുന്നു, ആദ്യം വിഷമംതോന്നിയെങ്കിലും, ക്രമേണ ഞാനും കുളിഉപേക്ഷിച്ചു. പക്ഷേ, സ്വാമി പല്ലുതേക്കാറില്ല. ഒന്നുരണ്ടുദിവസം ഞാനതു ശ്രമിച്ചുനോക്കി,ആവുന്നില്ല. പല്ലുതേക്കാതെയെങ്ങനെയാ ..എനിക്കു മടുത്തുതുടങ്ങി.ഉള്ളിൽനിന്ന് നാടും വീടും വിളിക്കാൻതുടങ്ങി..........
ഒരാഴ്ചകഴിഞ്ഞപ്പോള് സ്വാമി എന്നോടു പറഞ്ഞു, മാധവാ, നിനക്കീ ജീവിതരീതി പിന്തുടരാനാവുന്നില്ലല്ലേ ? നിന്റെ വഴി അവധൂതന്റേതല്ല.നീ കുടുംബത്തിലേക്കു തിരിച്ചുപോ.
അത്രയും ദിവസം പരിചരിച്ചതിന്റെ കൂലിയെന്നോണം, നല്ലൊരു സംഖ്യയുംതന്നു സ്വാമി.
പിറ്റന്നുതന്നെ ഞാൻ മടക്കയാത്ര ആരംഭിച്ചു,
നാലഞ്ചുദിവസംകൊണ്ട് വീട്ടിലെത്തി.
നമ്മുടെ നാടിന്റെ സവിശേഷതകളറിയണമെങ്കിൽ, അത് നമ്മിലെപ്രകാരം രൂഢമൂലമായിരുന്നു എന്നറിയണമെങ്കിൽ, കുറച്ചുകാലം നമ്മള് നാട്ടിൽനിന്നകന്ന് താമസിക്കണമെന്ന് അങ്ങനെ ഞാൻ മനസ്സിലാക്കി
മാധവേട്ടൻ ഒരു പുഞ്ചിരിയോടെ പറഞ്ഞുനിർത്തി.
ആ ബാബയെ പിന്നീട് കണ്ടിരുന്നോ ? ആരോ ചോദിച്ചു.
ഒരിക്കൽമാത്രം.മാധവേട്ടൻ പറഞ്ഞു.വടകര റെയിൽവേ സ്റ്റേഷനിൽവെച്ച്.ഞാൻ തിരുവനന്തപുരത്തിനുപോകാൻ നില്ക്കുമ്പോള്, വന്നുനിന്ന വണ്ടിയിൽനിന്ന് കോട്ടും സൂട്ടുമണിഞ്ഞ ഒരാള് ഇറങ്ങിവന്നു.അദ്ദേഹത്തിന്റെ അതേമുഖം. ഞാൻ അമ്പരന്ന് നോക്കിനില്ക്കെ, അദ്ദേഹം നടന്ന് എന്റെ അരികിലെത്തി. മാധവനല്ലേ എന്നുചോദിച്ചു. ഞാനാ മുഖത്തുനോക്കി അദ്ഭുതംകൂറിയപ്പോള്, അദ്ദേഹം പറഞ്ഞു. ബാബതന്നെയാണ്. അമ്മയെ ഒന്നുകാണാൻ വന്നതാ.
ഈ വേഷം സ്വാമീ ?
മറ്റതെന്റെ തൊഴിൽ യൂനിഫോമല്ലേ, ബാബ ചിരിച്ചു.
എന്തോക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു.പക്ഷേ, അപ്പോഴേക്കും എനിക്കു പോകാനുള്ള വണ്ടി വന്നു.
ശരി, മാധവൻ പോയ്ക്കോളൂ, സ്വാമി പറഞ്ഞു. നമുക്കിതുപോലെ എന്നെങ്കിലും കാണാം.
ഞാൻ വണ്ടിയിൽ കയറി. അദ്ദേഹം ഗേറ്റിലേക്കുനടന്നുപോകുന്നത് കാണാമായിരുന്നു.
പിന്നീട് ?
കണ്ടിട്ടേയില്ല.
അപ്പോഴേക്കും നാണുവേട്ടന്റെ അസിസ്റ്റന്റ് ചായയും കടിയും കൊണ്ടുവന്നിരുന്നു.ഞങ്ങളെല്ലാരും അതിലേക്കു ശ്രദ്ധതിരിച്ചു.

 

(മറുപുറം മാധവേട്ടൻ കഥകള്-4)
സ്വാതന്ത്ര്യ സമരസേനാനി
ബാലകൃഷ്ണൻ മൊകേരി
ആഗസ്റ്റ് മാസം.
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെപ്പറ്റിയുള്ള ചര്ച്ചയായിരുന്നു.
പാരലൽ കോളേജായിരുന്നെങ്കിലും, യുറീക്ക കോളേജിൽ അത്തരം പരിപാടികളൊക്കെ നടത്തുമായിരുന്നു.
അതൊക്കെ തുടങ്ങിയത് ജയചന്ദ്രൻ മൊകേരി അദ്ധ്യാപകനായി വന്നതോടുകൂടിയായിരുന്നു.മൂപ്പരുടെ നേതൃത്വത്തിൽ കവിയരങ്ങുകളും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തലും ചര്ച്ചാപരിപാടികളുമൊക്കെ ഇടയ്ക്കിടെ നടത്തുമായിരുന്നു.സമാന്തരവിദ്യാലയമാണെങ്കിലും, നമ്മുടെ കുട്ടികള്ക്കും ഈ സൗകര്യങ്ങള് വേണമെന്നായിരുന്നു ജയചന്ദ്രൻ പറഞ്ഞിരുന്നത്. അവിടെ നല്ലൊരു ലൈബ്രറിസൗകര്യമൊരുക്കിയതും അക്കാലത്തുതന്നെയായിരുന്നു.
നമുക്കീസ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിക്കണം , സ്റ്റാഫ് മീറ്റിംഗിൽ ജയചന്ദ്രൻ പറഞ്ഞു. പതാകവന്ദനം,ഒരു പ്രഭാഷണം, കുട്ടികളുടെ കലാപരിപാടികള്, പിന്നെയൊരു പായസവും
ആയിക്കോട്ടെ, ബാക്കിയുള്ളവരും പറഞ്ഞു.
നല്ലൊരു പായസംകുടിച്ചിട്ട് കാലമെത്രയായി ഗോപി ആത്മഗതംചെയ്തു.
പായസം വെക്കാൻ നമുക്കു കുഞ്ഞിക്കണ്ണേട്ടനെ ഏല്പിക്കാം, ശ്രീധരൻ മാഷ് സൂചിപ്പിച്ചു.
ഓര്ക്ക് തിരക്കായിരിക്കില്ലേ ? ആരോ ചോദിച്ചു.
എത്ര തിരക്കാണെങ്കിലും നമ്മളെ കുഞ്ഞിക്കണ്ണേട്ടൻ വിട്ടുകളയില്ല, ശ്രീധരൻ മാഷ് പറഞ്ഞു. അക്കാര്യം ഞാനേറ്റു. അരിപ്പായസമല്ലേ ?
അതു ശരിയായി. ഇനി പ്രഭാഷണത്തിന് ആരെയാ ? ജയരാജൻ ചോദിച്ചു.
സ്വാതന്ത്ര്യസമര സേനാനികളാരെങ്കിലുമായിരുന്നെങ്കിൽ, പതാക ഉയര്ത്തലും പ്രഭാഷണവും അവരെക്കൊണ്ട് ചെയ്യിക്കാം.,ഞാൻ പറഞ്ഞു.
അതിനാരെയാ ? ചര്ച്ച നീണ്ടു.
കഴിഞ്ഞവര്ഷം പതാക ഉയര്ത്തിയത്, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അമ്പുക്കുറുപ്പു മാഷല്ലേ ? ഒാറെ കിട്ടുമോ ? ദിനേശ്ബാബു ചോദിച്ചു.
അമ്പുക്കുറുപ്പുമാഷ് മരിച്ചിട്ട് മൂന്നുമാസമായി, പുറത്തുനിന്നാരോ പറഞ്ഞു.ഞങ്ങളെല്ലാരും തിരിഞ്ഞുനോക്കി, മാധവേട്ടൻ.
ഞങ്ങളുടെ ഇരിപ്പുകണ്ടിട്ടാകണം, മാധവേട്ടൻ ചോദിച്ചു, നിങ്ങളുടെ സ്റ്റാഫ് മീറ്റിംഗാണോ ? എന്നാൽ ഞാൻ പുറത്തിരിക്കാം.
വേണ്ട, മാധവേട്ടാ, ജയരാജൻ പറഞ്ഞു.ഇനിയിപ്പോ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട സംഗതികളേ തീരുമാനിക്കാനുള്ളൂ, അതിന് മാധവേട്ടനിരിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
ഓ, അതാണോ അമ്പുക്കുറുപ്പുമാഷെപ്പറ്റി അന്വേഷിച്ചത് ? ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മാഷ് മരിച്ചുപോയത്.,മാധവേട്ടൻ പറഞ്ഞു.ഇനീപ്പോ, കുന്നുമ്മൽ ബ്ലോക്കുപരിധീൽത്തന്നെ ആരും ഇല്ലാന്നാതോന്നുന്നത്.
അതുശരിയാ.
ഹെഡ്മാഷന്മാര്ക്കെല്ലാംഅവരവരുടെ സ്കൂളിൽ പരിപാടി ഉണ്ടാവും,അവരെ കിട്ടില്ല.
പിന്നെ ആരാ ?
നമ്മളെന്തിനാ പുറത്തുള്ള ആളെനോക്കുന്നത്.നമ്മുടെ കവി മോഹൻദാസ് മൊകേരി സംസാരിച്ചാൽപോരേ ? രാജൻമാഷ് ചോദിച്ചു.
അതുവേണ്ട.മോഹൻദാസ് പറഞ്ഞു. നമ്മള് സ്ഥിരമായി കുട്ടികള്ക്ക് ക്ലാസെടുക്കുന്നതല്ലേ, പുറത്തുനിന്നുള്ള ആരെങ്കിലും മതി,അതാ നല്ലത്.
പപ്പുഡോക്ടര് വരുമോ ?
രാജൻമാഷാണ് ചോദിച്ചത്. ജനകീയനും,ജനപ്രിയനുമായ ഡോക്ടറാണ്.
ചോദിച്ചുനോക്കാം, ജയചന്ദ്രൻ പറഞ്ഞു.
കിട്ടിയില്ലെങ്കിലോ ? ഒരു പ്ലാൻ ബി വേണ്ടേ ?
ഓറ് വരൂല്ലെങ്കിൽ നമുക്ക് കവി ഭാസ്കരൻമാഷെ സമീപിച്ചുനോക്കാം.
അങ്ങനെ സ്റ്റാഫ് മീറ്റിംഗ് കഴിഞ്ഞു.ഞങ്ങള് അവിടെത്തന്നെയിരുന്നു സംഭാഷണം തുടര്ന്നു.
അമ്പുക്കുറുപ്പുമാഷെങ്ങനെയാ സ്വാതന്ത്ര്യസമരസേനാനിയായതെന്ന്
നിങ്ങള്ക്കറിയ്യോ ? മാധവേട്ടൻ ചോദിച്ചു.
അതെന്താ മാധവേട്ടാ ? വിദേശികളുടെ ക്രൂരതസഹിക്കവയ്യാതെ, ഉള്ളിലുണര്ന്ന സ്വാതന്ത്ര്യബോധത്തിന്റെ അഗ്നിപര്വ്വതം പൊട്ടിത്തറിച്ചാവില്ലേ ഓരോരുത്തരും സ്വാതന്ത്ര്യസമരത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടാവുക ? അതിലെന്താണ് സംശ്യം ?--ശ്രീധരൻ മാഷാണ്.
എല്ലാരും എന്നു പറയേണ്ട. മാധവേട്ടൻ പറഞ്ഞു. ഭൂരിപക്ഷവും എന്നുപറയാം. അപൂര്വ്വം ചിലര് അങ്ങനെയായിരുന്നില്ല.
അധികാരമോഹംകൊണ്ടായിരുന്നോ ? അന്നതിന് അത്തരമൊരു ചുറ്റുപാട് ഇല്ലായിരുന്നല്ലോ മാധവേട്ടാ. -ശ്രീധരൻമാഷ് എതിര്ത്തു.
അധികാരമോഹംകൊണ്ടായിരുന്നെന്നു പറഞ്ഞില്ല. ഇതൊന്നുമായി ബന്ധപ്പെടാത്ത ചിലകാര്യങ്ങളും ആളുകളെ സമരത്തിലേക്കാനയിച്ചിട്ടുണ്ട്.നമ്മുടെ അമ്പുക്കുറുപ്പ് മാഷിന്റെ കാര്യംതന്നെ എടുത്തോളൂ, അദ്ദേഹം ഈ മേഖലയിലെത്തിച്ചേര്ന്നത് എങ്ങനയായിരുന്നു ?
എങ്ങനെയായിരുന്നു ? ചോദിച്ചത് ഞാനാണ്.
അമ്പുക്കുറുപ്പുമാഷ് ഒരു ഫ്യൂഡൽ തറവാട്ടിലെ പുതുതലമുറയായിരുന്നു അന്ന്.കാരണവര് അപ്പക്കുറുപ്പ് എല്ലാ ഫ്യൂഡൽ നാറിത്തരങ്ങളും ജന്മനാകിട്ടിയ ഒരു ദുഷ്ടനും. അയാളുടെ തറവാട്ടിലെ പുകമുറി കണ്ടിട്ടുണ്ടോ ? മാധവേട്ടൻ ചോദിച്ചു.
വാഴക്കുല പുകയിടാനുള്ള സംവിധാനമല്ലേ ? രാജൻമാഷാണ് ചോദിച്ചത്.
അല്ലല്ല. ശിക്ഷാമുറിയാണ്.അടിയാളരെ അനുസരണപഠിപ്പിക്കാനുള്ള ഒരു പരിപാടി. അനുസരണകാണിക്കാത്തവരെ ശിങ്കിടികള് പിടിച്ചുകൊണ്ടുവന്ന് ആ മുറിയിലിട്ട്, പുകയിടും. ശ്വാസവായുകിട്ടാതെ പലരും മരണപ്പെട്ടിട്ടുണ്ട്. കുറച്ചുനേരംകഴിഞ്ഞ് തുറക്കുമ്പോള്, ചിലരെങ്കിലും അവശരായി, മരിക്കാതെ ബാക്കിയുണ്ടാവും. ആ പീഢനം ഭയന്ന് ഒരുവിധമുള്ളവരാരും അപ്പക്കുറുപ്പിനെ ധിക്കരിക്കാൻ നില്ക്കില്ല. അതായിരുന്നു കാലം. കമ്മ്യൂണിസ്റ്റ് പാര്ട്ടി പ്രവര്ത്തനംതുടങ്ങുന്ന കാലമാണത്. ശത്രുക്കളെ, അവര് കമ്മ്യൂണിസ്റ്റ് കാരാണെന്നു പരാതിപ്പെട്ടാൽ, പോലീസുകാര് പിടിച്ചുകൊണ്ടുപോയി ഇഞ്ചപ്പരുവമാക്കും.അങ്ങനെ വാഴുന്ന അപ്പക്കുറുപ്പിന്റെ മരുമകനായിരുന്നു അമ്പുക്കുറുപ്പ് അയാളും ആ സ്വഭാവങ്ങളൊക്കെ പാരമ്പര്യമായിത്തന്നെ സ്വീകരിച്ചു. പക്ഷേ, അമ്മാവനുമായി അയാള്ക്ക് സ്വരച്ചേര്ച്ചയുണ്ടായിരുന്നില്ല. ഏതോ താണജാതിയിൽപ്പെട്ട സുന്ദരിയുമായി അമ്പുക്കുറുപ്പിന് ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ കാരണവര്ക്ക് അത് സഹിക്കാൻപറ്റുന്നതായിരുന്നില്ല. പക്ഷേ, അമ്പുക്കുറുപ്പിന് അതൊന്നും പ്രശ്നമായിരുന്നില്ല. അയാള്ക്ക് ആ സ്ത്രീയോട് കാമമല്ലായിരുന്നു, പ്രേമംതന്നെയായിരുന്നു.
സ്വാതന്ത്ര്യസമരപ്രവര്ത്തനങ്ങള് വ്യാപിച്ചുകൊണ്ടിരിക്കുന്നകാലം. രാത്രിയായിരുന്നു സമരഭടന്മാര് പോസ്റ്ററെഴുതി ഒട്ടിക്കുകയുംമറ്റും ചെയ്യുക. അവരെ പിടിക്കാനായി ഹെഡ് കോൺസ്റ്റബിള് രൈരുനായരുടെ നേതൃത്വത്തിൽ പോലീസുകാരും രാത്രിസഞ്ചാരംതുടങ്ങിയിരുന്നു. ഒരുരാത്രി, ഒരുമണികഴിഞ്ഞുകാണും, അമ്പുക്കുറുപ്പ് കാമുകിയുടെ വീട്ടിൽനിന്ന് മടങ്ങിവരുമ്പോള്, പോലീസുകാരുടെ മുന്നിൽപ്പെട്ടു. രൈരുനായര്ക്ക് അമ്പുക്കുറുപ്പിനെ പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, അയാളെപിടികൂടി സ്റ്റേഷനിൽകൊണ്ടുപോകുകയും, കൈത്തരിപ്പ്തീര്ക്കുകയുംചെയ്തു.
പിറ്റേന്നാണ് അപ്പക്കുറുപ്പ് വിവരമറിഞ്ഞത്. അയാള്, രൈരുനായരെ തന്റെ വീട്ടിലേക്കുവിളിപ്പിച്ചു.
ഇവിടുത്തെ മരുമകനാണെന്നറിയില്ലായിരുന്നു-രൈരുനായര് പറഞ്ഞു. ഉടനെ വിടാം.
സാരമില്ല, അമ്പുക്കുറുപ്പ് പറഞ്ഞു.അവനെ വിടണ്ട. കുലംമുടിക്കാനുണ്ടായ സന്തതിയാണ്. അവനെ നേരെയാക്കാൻ നോക്കിയിട്ട് എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട്, നായരേ, അവനെ നന്നാക്കാനുള്ള അവസരമാണിത്. കുറച്ചുകാലം ജയിലിൽകിടക്കട്ടെ. അപ്പഴത്തേക്ക് ആ പെണ്ണിനേം കുടുംബത്തേം ഞാനീനാട്ടീന്നുതന്നെ ഒഴിവാക്കിയേക്കാം.
അതിനിപ്പോ, രൈരുനായര് പറഞ്ഞു, എന്തുവകുപ്പിലാ ചേര്ക്കുക ?
എടോ, കോൺഗ്രസ്സുകാരനാണെന്ന് ചേര്ത്തോ. അതിന് മറ്റേതിന്റത്ര നാണക്കേടില്ലാലോ.
അത്രവേണോ ? നായര് ചോദിച്ചു. സേലംജയിലിലാ കോൺഗ്രസ്സുകാരെ കൊണ്ടുപോകുന്നത്. ചുരുങ്ങീതൊരു രണ്ടുകൊല്ലം അവിടെ കിടക്കേണ്ടിവരും.
കിടക്കട്ടെടോ.അതുകഴിഞ്ഞ് വരുമ്പോഴേക്കും ഓൻ നന്നായിട്ടുണ്ടാവും.
എന്നാലങ്ങനെ ചെയ്യാം .ഞാനെന്നാല്,........നായര് തലചൊറിഞ്ഞു.
അതൊക്കെ തരാടോ, അപ്പക്കുറുപ്പ് അകത്തുപോയി, കുറച്ചു പണംകൊണ്ടുവന്ന് രൈരുനായര്ക്കുകൊടുത്തു.
സേലം ജയിലിൽ, കോൺഗ്രസ്സുകാരുടെകൂടെയായിരുന്നു അമ്പുക്കുറുപ്പിന്റെ സഹവാസം.അഞ്ചാറുമാസം കഴിയുമ്പോഴേക്കും അയാള്, ഒരു തികഞ്ഞ സ്വാതന്ത്ര്യസമരഭടനായിമാറിയിരുന്നു. രണ്ടുകൊല്ലംകഴിഞ്ഞ് തിരിച്ചുവന്ന അമ്പുക്കുറുപ്പ് സ്വാതന്ത്ര്യപ്രവര്ത്തനങ്ങളിൽ സജീവമായി. അതിനിടയിൽ ട്രെയിനിംഗ് കഴിച്ച് അദ്ധ്യാപകനുമായി.ആ ജയിൽവാസത്തിനുശേഷമാണ്, ശരിക്കുള്ള അമ്പുക്കുറുപ്പ്മാഷ് പിറക്കുന്നത്. തനി ഗാന്ധിയൻ.ഖദര്വസ്ത്രങ്ങള് മാത്രമേ പിന്നീടയാള്ഉപയോഗിച്ചിട്ടുള്ളൂ.
മാധവേട്ടൻ പറഞ്ഞുനിര്ത്തി.
ആദ്യകാലത്ത് എങ്ങനെയായിരുന്നെങ്കിലെന്താ, പിന്നീടദ്ദേഹം നൂറുശതമാനം സ്വാതന്ത്ര്യസമരപ്പോരാളിതന്നെയായി മാറിയില്ലേ ? പിന്നെന്താ പ്രശ്നം ? ഞാൻ ചോദിച്ചു.
ഒരു പ്രശ്നവുമില്ല, മാധവേട്ടൻ പറഞ്ഞു. പ്രായമായവര് പറയാറില്ലേ, എല്ലാം ഒരോ നിമിത്തങ്ങളാണെന്ന് ? അതുതന്നെയാണിതും എന്നുപറയാം.ആ ജയിൽജീവിതം നമ്മുടെനാട്ടിനൊരു സ്വാതന്ത്ര്യസമരഭടനെ തന്നു.
ചായകുടിക്കുമ്പോള്, ഞാൻ അമ്പുക്കുറുപ്പുമാഷെപ്പറ്റി ചിന്തിക്കുകയായിരുന്നു....
...............................................................................

 

മറുപുറം മാധവേട്ടൻ 3
സ്കാനിംഗ്
പതിവുപോലെ, യുറീക്ക കോളജ്.
മഴക്കാറുമൂടിയ ആകാശം.
സായന്തനത്തിലേക്കിറങ്ങുന്ന പകൽ.
ഞങ്ങള് ഒരൊഴിഞ്ഞ ക്ലാസ്റൂമിലിരിക്കുന്നു.
പതിവുപോലെ മാധവേട്ടനുമുണ്ടായിരുന്നു.
ആളുകളുടെ പുറമേ കാണുന്നതല്ല, അവരുടെ ഉള്ളിൽനോക്കിയാൽ കാണുക-മാധവേട്ടൻ പറഞ്ഞു.
അതിനവരെ സ്കാൻചെയ്യേണ്ടിവരുമല്ലോ, ചിരിച്ചുകൊണ്ട് ശ്രീധരൻ മാഷ് പറഞ്ഞു.അയാളങ്ങനെയാണ്, ഏതു ഗൗരവമുള്ള ചര്ച്ചയായാലും ഇടപെട്ട് അന്തരീക്ഷത്തിന് ലാഘവം വരുത്തും.പെട്ടെന്നു കേള്വിക്കാര് ചിരിച്ചുപോയാലും,അയാള് പറഞ്ഞത് വളരെ ഗൗരവമുള്ള സംഗതിതന്നെയായിരുന്നുവെന്ന്, അല്പം ആലോചിക്കുമ്പോള് മനസ്സിലാവും.
അതെ, മാധവേട്ടനും ചിരിച്ചു.
പക്ഷേ, സ്കാനിംഗ് സെന്ററിൽ കൊണ്ടുപോകേണ്ടിവരില്ലെന്നുമാത്രം.
അതല്ലേ, ഈ ജ്ഞാനദൃഷ്ടി എന്നു പറയുന്നത് ? മലയാളമെടുക്കുന്ന രവിമാഷ് ചോദിച്ചു.പഴയ മുനിമാരൊക്കെ അതിന്റെ ആളുകളാണെന്ന് കേട്ടിട്ടുണ്ട്.
മുനിമാര്ക്ക് ജ്ഞാനദൃഷ്ടിയുണ്ടായിരുന്നുവെന്ന് പുരാണങ്ങളിൽ സൂചനയുണ്ട്,മാധവേട്ടൻ പറഞ്ഞു.പക്ഷേ, അല്പമൊന്ന് പരിശ്രമിച്ചാൽ നമുക്കെല്ലാം ആ കഴിവ് വളര്ത്തിയെടുക്കാൻ കഴിയും. കാര്യങ്ങളെ നമ്മുടെ അറിവിന്റേയും അനുഭവങ്ങളുടേയും സ്കാനറിൽവെച്ച് ശരിക്കൊന്നു വിശകലനംചെയ്താൽ, ആളുകളുടെ ഉള്ളുകാണാൻ നമുക്കും കഴിയും.
ഉദാഹരണം പറയൂ, ഞാൻ ഇടപെട്ടു.
അപ്പോഴാണ്, ഞങ്ങളുടെ കണക്കുമാഷ്, കെ.പി .ആര് കയറിവന്നത്. പതിവുപോലെ, ഏറെ ധൃതിയിൽത്തന്നെ.
കെ.പി.ആറിനെ സ്കാൻചെയ്യൂ മാധവേട്ടാ, ശ്രീധരൻമാഷ് പറഞ്ഞു.
എന്നെ ഒഴിവാക്കിയേക്കൂ, സംഗതി എന്തോ ഏടാകൂടമാണെന്ന് ഊഹിച്ച കെ.പി.ആര് പെട്ടെന്നു പറഞ്ഞു.ഇല്ലെങ്കിൽ, ഒന്നിനേയും വിടില്ല ഞാൻ, നല്ല കണക്കിനു തരും.
ഇല്ല മാഷേ, മാധവേട്ടൻ പറഞ്ഞു.നമുക്കെല്ലാം പരസ്പരം അറിയാവുന്നസ്ഥിതിക്ക് അതിലൊരു ത്രില്ലില്ല. മാഷ്, ധൈര്യായിട്ട് പോയ്ക്കോളു.
താഴെ റോഢിലൂടെ ഒരു ഭയങ്കരൻ നടന്നുവരുന്നുണ്ടായിരുന്നു. ഒരാറടിയോളം ഉയരവും, അതിനൊത്ത തണ്ടുംതടിയുമൊക്കെയുള്ള ഒരു കൊമ്പൻമീശക്കാരൻ. മീശയും കൃതാവും ഒരുമിച്ചൊന്നായി ഒഴുകുന്നു.മാര്ച്ചുചെയ്യുന്നതുപോലുള്ള നടത്തം. കാണുമ്പോള്തന്നെ പേടിയാവും.
അതാരാ ? മാധവേട്ടന് അയാളെ അറിയില്ലായിരുന്നു.
അത്, പട്ടാളം കുഞ്ഞാപ്പുവാണ്, രവിമാഷ് പറഞ്ഞു.
ഒരു സംഘര്ഷസ്ഥലത്ത് ഇയാളെ ഇറക്കിനിര്ത്തിയാൽ മതി,ആളുകള് ഓടിയൊളിച്ചോളും, ഞാൻ പറഞ്ഞു.ഒന്നുരണ്ടുതവണ അയാളാരോടോ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഭയങ്കര ഒച്ചയാ.
പട്ടാളം എന്റെ പെങ്ങളുടെ വീട്ടിനടുത്താ, രവിമാഷ് പറഞ്ഞു. മാധവേട്ടനറിയില്ലേ ?
ഇല്ല, മാധവേട്ടൻ പറഞ്ഞു. അങ്ങാടിയിലിങ്ങനെ കാണാറുണ്ട്, അത്രമാത്രം.
എന്നാൽ മാധവേട്ടാ, ആ പട്ടാളത്തെ ഒന്നു സ്കാൻചെയ്താട്ടെ, ശ്രീധരൻമാഷ് വിടാനുള്ള ഭാവമില്ലായിരുന്നു.
മാധവേട്ടൻ കുഞ്ഞാപ്പുവിനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയായിരുന്നു.ചലനങ്ങളും, ഭാവഹാവാദികളുമെല്ലാം മാധവേട്ടൻ നിരീക്ഷിച്ചു.
കുഞ്ഞാപ്പുവിനെകാണുന്ന ആളുകളുടെ പ്രതികരണമായിരുന്നു എന്റെ ശ്രദ്ധയെ ആകര്ഷിച്ചത്.അത് നോക്കിയിരിക്കുക രസകരമായിരുന്നു.
ഏതാനും നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്കുശേഷം, മാധവേട്ടൻ പറഞ്ഞു, അയാളൊരു ഭീരുവാണ്! ആ ഭീരുത മറച്ചുവെക്കാനുള്ളവഴികളാണ് അയാളുടെ കപ്പടാമീശയും ഭാവഹാവാദികളുമെല്ലാം. ജന്മംകൊണ്ട് ലഭിച്ച രൂപവും ശബ്ദവും വളരെ തന്ത്രപൂര്വ്വം അയാളിതിനുപയോഗിക്കുകയാണ്. ഇങ്ങനെയുള്ളവരെ , ഇങ്ങനെനടക്കുന്നവരെ ,ശ്രദ്ധിച്ചുനോക്കിയാൽ ഒരുകാര്യം മനസ്സിലാവും. ഏതു കൊച്ചുകുട്ടിക്കുവേണമെങ്കിലും അവരെ പേടിപ്പിച്ചോടിക്കാനാവും !
മാധവേട്ടൻ പറഞ്ഞത്, സത്യമാണ്, രവിമാഷ് പറഞ്ഞു.
പത്രംകൊണ്ടുവരുന്നൊരു മെലിഞ്ഞ നാണുവിനെ കണ്ടിട്ടില്ലേ ? എലിമ്പൻ നാണുതന്നെ. അയാളാ കുഞ്ഞാപ്പുവിനെ പേടിപ്പിച്ചെന്ന് ഒരിക്കൽ പെങ്ങളുപറഞ്ഞിരുന്നു. ഞാനതു വിശ്വസിച്ചിരുന്നില്ല. എലിമ്പന്റെ തള്ളാകുമെന്നാ ഞാൻ പെങ്ങളോട് പറഞ്ഞത്.
അതെന്താ സംഭവം രവിമാഷേ ? ഞാൻ ചോദിച്ചു.
ഒരിക്കൽ നാണു സൈക്കിളോടിച്ചുപോവുമ്പോള്, പത്രം കുഞ്ഞാപ്പുവിന്റെ മുറ്റത്തേക്കെറിഞ്ഞത്, വെള്ളത്തിലാണത്രേ ചെന്നുവീണത്. കോലായയിലുണ്ടായിരുന്ന കുഞ്ഞാപ്പു ദേഷ്യംവന്ന്, നാണുവിന്റെനേരെ പാഞ്ഞത്രേ! നാണു സൈക്കിളുനിര്ത്തി, കുഞ്ഞാപ്പുവിന്റെ അടുത്തേക്കുചെന്നു.
അല്ല നായീന്റെ മോനേ, ഇന്റെ മിറ്റത്തെ വെള്ളം ഇല്ലാണ്ടാക്കണ്ടത് ഞാനാന്നോ, എന്താടാ ?
പിന്നെകണ്ടത്, വെള്ളത്തിൽവീണു നനഞ്ഞുവിറയ്ക്കുന്നൊരു പട്ടിക്കുഞ്ഞിനെപ്പോലെ, കുഞ്ഞാപ്പു നിന്നുവിറയ്ക്കുന്നതാണത്രേ !എനി ഞാൻ ശ്രദ്ധിക്കാം നാണൂ, സാരല്ല എന്നു പറഞ്ഞുകൊണ്ടയാള്, ആ നനഞ്ഞപത്രവുമെടുത്തുകൊണ്ട് കോലായയിലേക്കു കയറിപ്പോയത്രേ.!
പെങ്ങളിക്കഥ പറഞ്ഞിട്ട് ഞാനിതുവരെ വിശ്വസിച്ചിരുന്നില്ല, രവിമാഷ് പറഞ്ഞു.എന്നാലിപ്പോ, മാധവേട്ടൻെറ വിശകലനംകേട്ടപ്പോ, അതു ശരിതന്നെയാവാനാ സാധ്യതാന്നു മനസ്സിലായി.എന്തായാലും, മാധവേട്ടന്റെ സ്കാനിംഗ് ഉഷാറായിട്ടുണ്ട്.
ഞങ്ങളെല്ലാരും റോഡരികിൽനിന്ന് ആരോടോ വര്ത്തമാനം പറയുന്ന കുഞ്ഞാപ്പുവിനെത്തന്നെ നോക്കുകയായിരുന്നു.പാവം കുഞ്ഞാപ്പു !
എന്നാൽ, നമുക്കോരോ ചായകുടിച്ചാലോ ?
മാധവേട്ടൻ എണീറ്റു, കൂടെ ഞങ്ങളും!
********************************

 

 

കഥ-
മറുപുറം മാധവേട്ടൻ 2
കണ്ണോക്ക്
-ബാലകൃഷ്ണൻ മൊകേരി
ഏപ്രിൽ മാസത്തിലെ ഒരപരാഹ്നം.
യുറീക്ക കോളജിന്റെ പതിവു വിരസത.
സ്കൂള് ഗോയിംഗ് ക്ലാസുകള് ഉച്ചയോടെ വിട്ടിരുന്നു.
ഞങ്ങള് കുറച്ചുപേര് മാത്രം അവിടെ ചടഞ്ഞിരിക്കുന്നു.
ജയരാജൻ റമ്മിക്കുള്ള ആളുതികയാൻ കാത്തിരിക്കുന്നു
എനിക്ക് ചീട്ടുകളിയോട് താത്പര്യമില്ല. വെറുതെയിരുന്ന് സ്വപ്നത്തിൽ മുഴുകും.
എംപി ആറും, കെ.പി.ജമാലും,ഗോപിയുമൊക്കെ എത്തിയാൽ അവര് കളിതുടങ്ങും
അപ്പോഴാണ് മാധവേട്ടൻ കയറിവന്നത്. അയാള് ഞങ്ങളോടു ചിരിച്ചു.
നമുക്കൊരു കണ്ണോക്കിനു പോയാലോ ? അയാള് ചോദിച്ചു.
ഞാനില്ല. ഞങ്ങള് കാര്ഡിന് ആളുതികയാൻ കാത്തിരിക്ക്വാ, ജയരാജൻ പറഞ്ഞു.
മാധവേട്ടൻ എന്നെ നോക്കി. നീയോ ?
ഓന കൂട്ടിക്കോ. ജയരാജൻ പറഞ്ഞു.പുല്ലൂട്ടീലെ നായിനെപ്പോലെ ഓനിവിടിരുന്നാൽ കുഴപ്പമാണ്.
ജയരാജന് മറുപടികൊടുക്കാനുള്ള മൂഡിലായിരുന്നില്ല ഞാൻ.
വാ മാധവേട്ടൻ പറഞ്ഞു.
യാന്ത്രികമായി ഞാനയാളെ പിന്തുടര്ന്നു.
താഴെ റോഡിൽ, മാധവേട്ടന്റെ പ്രീമിയര്പത്മിനിയുണ്ടായിരുന്നു.അതിൽ കയറി.
എവിടെയാ മാധവേട്ടാ മരിച്ച വീട് ? ഞാൻ ചോദിച്ചു.
പശുക്കടവിലെവിടെയോ ആണ്.വണ്ടിയോടിക്കുന്നതിനിടയ്ക്കയാള് പറഞ്ഞു.
ബന്ധുവാണോ ?
ആണെന്നും അല്ലെന്നും പറയാം.
അതെന്താ ?
ഞാനിതുവരെ അയാളെ കണ്ടിട്ടില്ല
സംസാരത്തിനിടയ്ക്ക്, നരിക്കൂട്ടിൻ ചാ
ലും,നീലേച്ചുകുന്നും,കുറ്റ്യാടിയും കഴിഞ്ഞിരുന്നു.
പശുക്കടവിലെ അങ്ങാടിയും കടന്ന് വിജനമായ ഒരു റോഡിലൂടെയാണിപ്പോള് യാത്ര.
ഒടുവിലൊരു അടച്ചിട്ട ചായക്കടയ്ക്കുമുന്നിൽ കാര് നിര്ത്തി.അവിടെയുള്ള ബെഞ്ചുകളിൽ നാലഞ്ചുപേരിരുന്ന് വര്ത്തമാനം പറയുന്നുണ്ടായിരുന്നു.
മാധവേട്ടൻ അവരോട് മരിച്ചവീടന്വേഷിച്ചു.
അതാ, അവര് വലത്തോട്ടുള്ള ഒരിടവഴി ചൂണ്ടിക്കാട്ടി. അയിലൂട്ടെ നടന്നാല്, നാലാമത്തെ കോണി.ഞാളിപ്പോ ആടന്നിങ്ങ് പോന്നിറ്റേള്ളൂ. ശവം കുളിപ്പിക്ക്വാനെടുത്തിട്ടേള്ളൂ. ഒരു പത്തുമിനിറ്റ്.ലേശിവിടിരുന്നോ. ഞാളും കണ്ടിറ്റില്ല.
മാധവേട്ടൻ,അവര്ക്കിടയിലിരുന്നു.അവര് മൃതനെക്കുറിച്ചുള്ള ചര്ച്ച തുടരുകയായിരുന്നു.
എന്തിനാ ഓൻ ചത്തുകളഞ്ഞത് ?
അത് തന്യാ അത്ശ്യം. ഒര് മോശം സ്വഭാവോല്ല. സര്ക്കാര് പണിയൂണ്ട്. ഒര് സൂക്കേടും ല്ല. ഒറ്റ മോൻ. അച്ചനുമമ്മേം നേരത്തെ മരിക്കേംചെയ്തു.നല്ല സാമ്പത്തിക സ്ഥിതീം ണ്ട്. കല്യാണോം കഴിച്ചിട്ടില്ല
എന്നാൽ പ്രേമനൈരാശ്യാകും ഒരാള് പറഞ്ഞു.
അയ്യയ്യേ, അങ്ങനത്തെപ്പരിപാടിയൊന്നും ഓനില്ലാന്നാ കേട്ടത്. മറ്റൊരാള് പറഞ്ഞു. ഒഴിവ്ള്ളേരം എപ്പം നോക്കിയാലും ഒരു പുസ്തകോംകൊണ്ട് വാത്ക്കലെ ഇരിത്തീമ്മല്ണ്ടാവും.
അത്യോ ? എന്നിറ്റ് പോസ്റ്റ് മോര്ട്ടൊക്കെ വേഗം കഴിഞ്ഞിനോ ?
അയിന്, ശവം കീറിമുറിക്കണ്ടാന്നല്ലേ കുടുംബക്കാര് പറഞ്ഞത്. ഏഡ് രാമേന്ദ്രൻനായര് ഓന്റെ അയലോക്കല്ലേ ?ഓറ ചാക്കിട്ടതാ, ദാ, തൂങ്ങിച്ചത്താന്നൊന്നും ആരോടും പറേല്ലേ
വേറൊരാള് പറഞ്ഞു, ഓനൊരു ദയേല്ലാത്തോനാ.
അതെന്താ ?
ഓനൊര്ത്തീന മംഗലം കയിച്ചിറ്റാചത്ത്കളഞ്ഞേങ്കില്, ഓന്റെ പണീ ഓക്ക് കിട്ടൂലാഞ്ഞോ ? ഓള കുടുംബം രക്ഷപ്പെട്ടു പോവ്വേനും
ഇപ്പോ കുളിപ്പിച്ച് കയിഞ്ഞിറ്റാണ്ടാവും, മ്മക്കെന്നാ അങ്ങോട്ട് പൂവ്വാം.
അവര് ഇടവഴിയിലേക്കിറങ്ങുമ്പോള്, മാധവേട്ടനെ വിളിച്ചു.
വരിൻ
ഞാൻ വര്ന്നില്ല,
അതെന്താന്ന് ? മരിച്ചവീട്ടിപ്പോക്വാനല്ലേന്ന് നിങ്ങള് വന്നത് ?
ഞാനവിടേക്കില്ല. മാധവേട്ടൻ പറഞ്ഞു.
ഞ്ള് വരീന്ന്, ഒരാള് മാധവേട്ടനെ നിര്ബന്ധിച്ചു.ങ്ങളെ ആരേനും ചത്തോൻ ? അയാള് ചോദിച്ചു. ബന്ധുവാണോ ?
ഞാൻ മാധവേട്ടന്റെ മുഖത്തുനോക്കി.
മാധവേട്ടൻ ബഞ്ചിൽനിന്ന് എണീറ്റു. എന്റെ ആരുമല്ല മരിച്ചത്.മാധവേട്ടൻ പറഞ്ഞു
പിന്നെ ?
തൂങ്ങിച്ചത്തത്, ഞാൻതന്നെയാ
അവരെല്ലാം അമ്പരപ്പോടെ മാധവേട്ടനെ നോക്കിനിന്നു.എന്റെ തൊണ്ട വരളുമ്പോലെ തോന്നി.
വാ, നമുക്കു തിരിച്ചുപോകാം, മാധവേട്ടൻ കാറിൽ കയറി.ഞാനും കാറിൽ കയറിയിരുന്ന്, അവരെ തിരിഞ്ഞുനോക്കി.അവരെല്ലാം,ഞങ്ങളുടെ കാറിനെത്തന്നെ നോക്കി നില്ക്കുകയായിരുന്നു.
അപ്പോഴാണ്, ആ അദ്ഭുതം,എന്റെ ശ്രദ്ധയിൽപെട്ടത്.
ആ ആളുകളുടെയൊന്നും പാദങ്ങള് നിലംതൊടുന്നുണ്ടായിരുന്നില്ല !
****************************************

Wednesday 5 July 2023

 

കഥ
മറുപുറം മാധവേട്ടൻ (1)
-ബാലകൃഷ്ണൻ മൊകേരി
കുറേ മുമ്പാണ്.
അന്ന് ഞങ്ങളുടെ സന്ധ്യകൾ യുറീക്കകോളജിലെ വരാന്തകളിലായിരുന്നു. യുറീക്കയിലെ സന്ധ്യകൾ പലപ്പോഴും മാധവേട്ടന്റെ ദർശനങ്ങളാൽ ചൈതന്യവത്തായിരുന്നു.വെറും മാധവേട്ടനല്ല, മറുപുറം മാധവേട്ടൻ.എന്തിന്റേയും മറുപുറംകാണാനും കാണിച്ചുതരാനും മൂപ്പർക്ക് പ്രത്യേക വൈഭവമുണ്ടായിരുന്നു.നാട്ടിലെ ഏതോ ഫ്യൂഡൽ തറവാട്ടിലെ അവസാന കണ്ണി. അന്നത്തെ കാലത്ത് ബിരുദമൊക്കെ നേടിയ ആളാണ്.ജോലിക്കൊന്നും പോയില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല.കാരണവന്മാർ മറ്റുള്ളവരെ ചൂഷണംചെയ്ത് ഏറെ മുതൽ സമ്പാദിച്ചിരുന്നു.അമ്മയും മരിച്ചതോടെ, അതിനെല്ലാം ഏക അവകാശി അയാളായിരുന്നു.അയൽക്കാരെയൊക്കെ കണ്ടറിഞ്ഞ് സഹായിച്ചിരുന്നു.ആരു സഹായംചോദിച്ചാലും കൊടുക്കും.അതിനാൽത്തന്നെ അയാൾ നാട്ടുകാര്ക്ക് പ്രിയപ്പെട്ടവനായി.
മാധവേട്ടന്റെ വീട്ടിൽ ഒരുപാട് പുസ്തകങ്ങളുണ്ടായിരുന്നു. അതാർക്കും അങ്ങനെ കൊടുക്കുന്ന പതിവില്ലായിരുന്നു.മറ്റെല്ലാ മുറികളും തുറന്നിട്ടാലും,പുസ്തകഅലമാരകൾ താക്കോലിട്ട് പൂട്ടിവെക്കുമായിരുന്നു അയാൾ!അന്ന് ഞങ്ങളെപ്പോലുള്ളവരുടെ പ്രധാനപരിപാടി പുസ്തകവായനയായിരുന്നു.മൊകേരിയിലെ ലൈബ്രറിയിൽനിന്നുമാത്രമല്ല, നാഴികകൾക്കപ്പുറമുള്ള പാതിരിപ്പറ്റയിലെ സാമൂഹ്യവിഹാരകേന്ദ്രംലൈബ്രറിയിൽനിന്നുപോലും ഞങ്ങൾ പുസ്തകം എടുക്കുമായിരുന്നു.(മാധവേട്ടന്റെ പരിചയക്കാരായതിനുശേഷം, പലപ്പോഴും ഞങ്ങളാവീട്ടിൽ പോവുകയും, ലൈബ്രറിയുടെ കതകുകൾമാധവേട്ടൻ ഞങ്ങൾക്കായി തുറന്നുതരികയും ഉണ്ടായിട്ടുണ്ട് )
ബിരുദപ്പരീക്ഷ കഴിഞ്ഞപ്പോൾ, മൊകേരിക്കാരായ കുറച്ചു ചങ്ങാതിമാർചേര്ന്ന് യുറീക്ക എന്നപേരിൽ ഒരു പാരലൽകോളേജ് ആരംഭിച്ചു. റ്റ്യൂഷൻ ക്ലാസുകളും, സമാന്തരക്ലാസുകളുമൊക്കെയായി സ്ഥാപനം വളരാൻതുടങ്ങി. നമ്മുടെ കെ. ജയരാജനായിരുന്നു പ്രിൻസിപ്പാൾ. അക്കാലത്ത് ഞങ്ങളെല്ലാം, രാവിലെ യുറീക്കയിലെത്തിയാൽ, തിരിച്ചുപോവുക രാത്രിയിലാണ്. ക്ലാസില്ലാത്തപ്പോൾ അവിടെയിരുന്ന് ചുമ്മാ കത്തിവെക്കും. ജയരാജൻ അന്ന് കക്കട്ടിൽ ലീലാടാക്കീസിൽ വരുന്ന എല്ലാസിനിമയും കാണുമായിരുന്നു അങ്ങനെ അയാൾപോയ ഒരുദിവസമാണ് മാധവേട്ടൻ കയറിവന്നത്.കഷണ്ടികയറിയ തലയും, ഖദർവസ്ത്രങ്ങളുമായി , തിളങ്ങുന്ന കണ്ണുകളുള്ള ഒരു മധ്യവയസ്കൻ.
ജയരാജനില്ലേ ?
ഇല്ല
എപ്പോ വരും ?
ഒമ്പതുമണി കഴിയണം. ഫസ്റ്റ് ഷോ കാണാൻ പോയതാണ്.
അയാൾ ഞങ്ങള്ക്കടുത്തുള്ള ബഞ്ചിലിരുന്നു. ഞാൻ മാധവൻ, ഇവിടെ അടുത്താണ് വീട് അയാൾ പറഞ്ഞു.നിങ്ങളൊക്കെ ഇവിടുത്ത മാഷന്മാരാണോ ?
അതെ.
പിന്നെ, ഞങ്ങളുടെ സംഭാഷണത്തിൽ അയാളും പങ്കുചേർന്നു. വിജയനും ആനന്ദും മുകുന്ദനുമൊക്കെ ചർച്ചയിൽവന്നു. അങ്ങനെ ആദ്യംതോന്നിയ അകൽച്ച ഇല്ലാതായി. നമുക്കോരോ ചായകുടിച്ചാലോ ? മാധവേട്ടൻ ചോദിച്ചു.
കുടിക്കാം, ഞങ്ങളെണീറ്റു.
നമുക്ക് നാണുവേട്ടനോട് വിളിച്ചുപറഞ്ഞ് ഇങ്ങോട്ടു വരുത്തിക്കാം. മാധവേട്ടൻ പറഞ്ഞു. എന്നിട്ട് , താഴെയുള്ള ലീനീഷ്ഹോട്ടലിൽ വിളിച്ച് ചായകടികൾ എത്തിക്കാൻ പറഞ്ഞു.അവിടെ എത്ര തിരക്കാണെങ്കിലും, യുറീക്കയിലേക്കാണെങ്കിൽ നാണുവേട്ടൻ പയ്യന്റെ കൈയിൽ കൊടുത്തയക്കും. ചായകുടിച്ചു.വീണ്ടും സംസാരം. തിരിച്ചുപോകുമ്പോള്, മാധവേട്ടൻ പറഞ്ഞു, ചായയുടെ പൈസ നിങ്ങളാരും കൊടുക്കേണ്ട. അവിടെ എനിക്ക് അക്കൗണ്ടുണ്ട്.ഞങ്ങൾക്ക് സന്തോഷം.
ഒരു വൈകുന്നേരം, ഞാനവിടെ ഒറ്റയ്ക്കിരിക്കുകയായിരുന്നു.കോളേജ്കാലത്തെപ്പറ്റിയൊക്കെ ചിന്തിച്ചപ്പോൾ, എവിടെനിന്നോ വിഷാദത്തിന്റെ ഒരല എന്നെ വലയംചെയ്യുകയായിരുന്നു.അപ്പോഴാണ് മാധവേട്ടൻ കയറിവന്നത്.
ഒറ്റയ്ക്കേയുള്ളൂ ? എന്തുപറ്റി ? ആകെ മൂഡിയായിങ്ങനെ ?
ഒന്നൂല്ല മാധവേട്ടാ, ഞാനെന്തൊക്കെയോ ആലോചിച്ചങ്ങനെ.....
ഒന്നും ആലോചിക്കരുത്, മാധവേട്ടൻ പറഞ്ഞു. ചിന്തിക്കുന്നവർക്ക് വിഷമിക്കാനേ നേരംകാണൂ
ഒന്നും ചിന്തിക്കരുതെന്നാണോ ?
അല്ല, ചിന്തിക്കണം. കാര്യങ്ങളുടെ മറുപുറംകൂടി ചിന്തിക്കണം.
മറുവശംകൂടിചിന്തിച്ചാൽ വിഷമം നീങ്ങുമോ ?
എടോ, മിക്കസംഗതികളും, അതിന്റെ ജൈവസന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി കണ്ടുനോക്കൂ.പലപ്പോഴും നമ്മളറിയാതെ പൊട്ടിച്ചിരിച്ചുപോവും.
മനസ്സിലായില്ല മാധവേട്ടാ
ദാ, താഴെ റോഡിൽനോക്ക്,ഒരു തകർപ്പൻ പ്രതിഷേധപ്രകടനം വരുന്നതുകണ്ടോ ? അതിവിപ്ലവക്കാരാണ്.തീപ്പാറുന്ന മുദ്രാവാക്യങ്ങള്.ഭീതിയുണര്ത്തുന്ന ശരീരഭാഷ.കണ്ടോ ?
താഴെനോക്കിയപ്പോൾ ശരിക്കും പേടിതോന്നി. എന്തെങ്കിലും സംഭവിച്ചേക്കുമോ ?
മാധവേട്ടന്റെ ശബ്ദം എന്നെ ഉണർത്തി.
ഇനിനീ അവരുടെ ശബ്ദം ഓഫ്ചെയ്യ്.എന്നുവച്ചാൽ, അവർക്ക് ഒച്ചയില്ലെന്നുകരുത്. എന്നിട്ട് അവരുടെ ചലനങ്ങളും ശരീരഭാഷയുംമാത്രം ശ്രദ്ധിക്ക്
ഞാൻ അങ്ങനെചെയ്തുനോക്കി.അവർക്കിപ്പോൾ ശബ്ദമില്ല.ഒരു നിശ്ശബ്ദാനുഷ്ഠാനംപോലെ ജാഥ റോഡിലൂടെ കടന്നുപോകുന്നു.ചിലരുടെ ആംഗ്യങ്ങളും ചലനങ്ങളും എന്നെ ചിരിപ്പിച്ചു. ചിലരുടെഭാവങ്ങള്കണ്ട് പൊട്ടിച്ചിരിച്ചുപോയി.
നോക്കിയപ്പോള്, മാധവേട്ടനും ചിരിക്കുകയായിരുന്നു.
ഇപ്പോ നിന്റെ മൂഡ് മാറീല്ലേ ? മാധവേട്ടൻ ചോദിച്ചു. ഏതുകാര്യത്തെയും അനുഭവങ്ങളേയും മാറിനിന്ന് കാണാൻ ശ്രമിക്കണം. അപ്പോൾ നമ്മെ തളർത്താനും തകർക്കാനും ആർക്കും കഴിയില്ല.
താഴെ റോഡിൽ ജാഥയൊക്കെയല്ലേ ? നമുക്കിന്ന് ഹോട്ടലിൽപോയിത്തന്നെ ചായകുടിക്കാം, മാധവേട്ടൻ എണീറ്റു.
*******************************************